സ്ഥാപന ചരിത്രം
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ദേവികുളം ബ്ലോക്കില്‍ ഉള്‍പ്പെട്ട ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത് 1969 സെപ്തംബര്‍ 29 ന് ആണ്. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് ദേവികുളം ഗ്രാമപഞ്ചായത്ത്, തെക്ക് രാജകുമാരി, ശാന്തന്‍പാറ ഗ്രാമപഞ്ചായത്തുകളും, കിഴക്ക് തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയും, പടിഞ്ഞാറ് ദേവികുളം, ബൈസണ്‍വാലി പഞ്ചായത്തുകളുമാണ്. ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിന്റെ വിസ്തൃതി 66.74 ച.കി.മീറ്ററാണ്. 11155 വരുന്ന ജനസംഖ്യയില്‍ 5449 പേര്‍ സ്ത്രീകളും 5706 പേര്‍ പുരുഷന്‍മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 68% ആണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന ചിന്നക്കനാല്‍ പഞ്ചായത്തിന്റെ പ്രധാന കാര്‍ഷികവിളകള്‍ തേയില, ഏലം, കാപ്പി, നെല്ല് മുതലായവയാണ്. ഏലമുടിത്തോട്, സൂര്യനെല്ലിത്തോട് എന്നിവയാണ് പഞ്ചായത്തിന്റെ പ്രധാന ജലസ്രോതസ്സുകള്‍. ആനയിറങ്കല്‍ ഡാം, ചെറുതും വലുതുമായ 18 കുളങ്ങള്‍ തുടങ്ങിയവ പഞ്ചായത്തിലെ കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്നു. 24 പൊതുകിണറുകളും 876 പൊതു ടാപ്പുകളും കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു. കൊളുക്കുമലയാണ് പഞ്ചായത്തിലെ പ്രധാന മല. 66.74 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്തില്‍ 40.04 ച.കി.മീറ്ററോളം വനപ്രദേശം ഉള്‍പ്പെടുന്നു. പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നതിനുവേണ്ടി 510 തെരുവുവിളക്കുകള്‍ അങ്ങിങ്ങായി സ്ഥാപിച്ചിട്ടുണ്ട്. കുളുക്കുമല, ആനയിറങ്കല്‍ ഡാം, പെരിയകനാല്‍ വെള്ളച്ചാട്ടം, ലോഗാര്‍ട്ട് ഗ്യാപ്പ് തുടങ്ങിയവ പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. വിദേശയാത്രയ്ക്കായി നെടുമ്പാശ്ശേരി വിമാനത്താവളവും റെയില്‍ ഗതാഗതത്തിനായി ആലുവ റെയില്‍വേ സ്റ്റേഷനും തുറമുഖമെന്ന നിലയില്‍ കൊച്ചി തുറമുഖവും പഞ്ചായത്തിനോട് അടുത്ത് സ്ഥിതിചെയ്യുന്നു. മൂന്നാറിലാണ് പഞ്ചായത്തിന്റെ റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. പഞ്ചായത്തില്‍ കൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട ഹൈവേ എന്‍.എച്ച്.49 ആണ്. പവര്‍ഹൌസ്-സൂര്യനെല്ലി റോഡാണ് പഞ്ചായത്തിന്റെ റോഡുഗതാഗതം സുഗമമാക്കുന്നത്. പരമ്പരാഗത ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ പൊതുവെ കുറവായ ഈ പഞ്ചായത്തില്‍ വന്‍കിടവ്യവസായങ്ങള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നു. ടൂറിസം, തേയില എന്നിവയാണ് ചിന്നക്കനാല്‍ പഞ്ചായത്തിലെ വന്‍കിടവ്യവസായ സംരംഭങ്ങള്‍. പൊതുവിതരണ മേഖലയില്‍ 6 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 4 ക്ഷേത്രങ്ങളും, 3 ക്രിസ്ത്യന്‍ പള്ളികളുമാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍. മാരി അമ്മന്‍ കോവില്‍, ഗണപതി ക്ഷേത്രം, സുബ്രഹ്മണ്യ ക്ഷേത്രം, ഗൌരീ ശങ്കര ക്ഷേത്രം, ഔര്‍ ലേഡീസ് ചര്‍ച്ച്, സെന്റ് ആന്റണീസ് ചര്‍ച്ച്, യാക്കോബൈറ്റ് ചര്‍ച്ച് എന്നിവയാണ് പ്രധാനപ്പെട്ടവ. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന നേര്‍ച്ചകള്‍, പൂരം, ഉത്സവങ്ങള്‍ എന്നീ വിവിധ ആഘോഷ പരിപാടികള്‍ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. നെഹ്റു യുവകേന്ദ്രയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 4 ക്ലബ്ബുകളും, എന്‍.വൈ.കെ.ക്ലബ്ബും കലാകായിക സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രം സൂര്യനെല്ലിയില്‍ സജീവപ്രവര്‍ത്തനം നടത്തുന്നു. സെന്‍ട്രല്‍ ഹോസ്പിറ്റല്‍, പെരിയകനാല്‍ റ്റാറ്റ കമ്പനി ഹോസ്പിറ്റല്‍ എന്നിവ അലോപ്പതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആരോഗ്യകേന്ദ്രങ്ങളാണ്. പി.എച്ച്.സി.യുടെ ഉപകേന്ദ്രങ്ങള്‍ മുട്ടുകാട്, സൂര്യനെല്ലി എന്നിവിടങ്ങളിലാണ്. പ്രാഥമിക ആരോഗ്യകേന്ദ്രം പഞ്ചായത്തില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നു. ചിന്നക്കനാലിലാണ് മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നത്. കാട്ടാനകള്‍ ഏറ്റവും കൂടുതലുള്ള പ്രദേശമാണ് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി പഞ്ചായത്തില്‍ 9 സ്കൂളുകള്‍ ഉണ്ട്. എഫ്.എം.എല്‍.പി.സ്കൂള്‍ ചിന്നക്കനാല്‍, എ.എല്‍.പി.എസ് പെരിയകനാല്‍, എ.എല്‍.പി.എസ് സൂര്യനെല്ലി, മൌണ്ട് ഫോര്‍ട്ട് സ്കൂള്‍ ചിന്നക്കനാല്‍, എഫ്.എം.എച്ച്.എസ് ചിന്നക്കനാല്‍ എന്നിവ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടുന്ന വിദ്യാലയങ്ങളാണ്. 3 എല്‍.പി.സ്കൂളും ഒരു യു.പി.സ്കൂളും പഞ്ചായത്തിലെ ഗവണ്‍മെന്റ് വിദ്യാലയങ്ങളാണ്. ജി.യു.പി.സ്കൂള്‍ ചിന്നക്കനാലിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ വൃദ്ധസദനം ചിന്നക്കനാലില്‍ സ്ഥിതിചെയ്യുന്നു. പഞ്ചായത്തിലെ ഏക സഹകരണ ബാങ്കായ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സൂര്യനെല്ലിയിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ പ്രധാന ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നത് ചിന്നക്കനാലില്‍ ആണ്. പഞ്ചായത്തില്‍ ഒരു കമ്മ്യൂണിറ്റി ഹാള്‍ ഉണ്ട്. വില്ലേജ് ഓഫീസ്, കൃഷി ഭവന്‍ എന്നിവ ചിന്നക്കനാലിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ 2 പോസ്റ്റ് ഓഫീസുകള്‍ ചിന്നക്കനാല്‍, സൂര്യനെല്ലി എന്നിവിടങ്ങളിലാണ്. പഞ്ചായത്തിലെ ടെലിഫോണ്‍ എക്സ്ചേഞ്ച് സൂര്യനെല്ലിയില്‍ പ്രവര്‍ത്തിക്കുന്നു. 28 കുടുംബശ്രീ യൂണിറ്റുകളും 24 അംഗന്‍ വാടികളും പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്നു.