ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

      മഹാശിലായുഗം വരെ നീണ്ടുപോകുന്ന ചരിത്രമാണ് ചിന്നക്കനാല്‍ പഞ്ചായത്തിന്‍റേത്. ചരിത്രപുരാവസ്തു ഗവേഷകര്‍ 3000 കൊല്ലങ്ങള്‍ക്ക് മേല്‍ പ്രായം കണക്കാക്കിയിട്ടുള്ള പിതാമഹന്‍മാര്‍ വരച്ച എഴുത്തറകളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം. തമിഴ് മലയാള സങ്കര സംസ്കാരമാണ് ഇവിടെ നിലനിന്നുവരുന്നത്. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് മധുരയില്‍നിന്ന് ചിന്നക്കനാല്‍ ഭാഗത്തേക്ക് കുടിയേറ്റമുണ്ടായി. ഇങ്ങനെ കുടിയേറിയവര്‍ ഒരു വിഭാഗമായി മാറി ഒരുമിച്ച് താമസിക്കുകയും പരസ്പരം വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. മുതുകില്‍ ഭാരമേന്തി വന്നതുകൊണ്ട് ഇവരെ മുതുവാന്‍മാര്‍ എന്നു വിളിച്ചുവെന്നു പറയപ്പെടുന്നു. ഇവരെകൂടാതെ ആചാരാനുഷ്ഠാനങ്ങളില്‍ തനിമ പുലര്‍ത്തുന്ന നിരവധി ആദിവാസി ഗോത്രങ്ങള്‍ ഇവിടെയുണ്ട്. മന്ത്രിമാരും, മന്നാടിയാരും, ഊരുതെണ്ടക്കാരും, മണിയകരും മറ്റുമുളള പ്രാചീനമായ ഭരണസംവിധാനത്തിന്റെ തുടര്‍ച്ച ഇന്നും ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. പ്രാചീനമായ ഒരു പഞ്ചായത്ത് സംവിധാനവും ഇന്നത്തെ ഗ്രാമസഭകളുടെ പഴയരൂപമായ നാട്ടുകൂട്ടങ്ങളും ഇവരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നു. സ്വന്തം ഊരില്‍ നിന്നും പുറത്തുപോയി വിവാഹം കഴിച്ചാല്‍ ഊരുവിലക്കേര്‍പ്പെടുത്തുന്ന ആദിവാസി വിഭാഗങ്ങളും ഇവരുടെ ഇടയിലുണ്ട്. കുറ്റവാളികളെ വിചാരണ നടത്തി ശിക്ഷിച്ചിരുന്ന അഞ്ചു നാടന്‍ പാറയും, പാമ്പാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പൌരാണിക ഗുഹാക്ഷേത്രമായ ഒറ്റക്കല്ലില്‍ തീര്‍ത്ത തെങ്കാശിനാഥന്‍ കോവിലും, മഴക്കുവേണ്ടി മക്കള്‍ പ്രാര്‍ത്ഥിക്കുന്ന കൂടക്കാട് മലയിലെ ചന്ദ്രകുമരാണ്ടി ക്ഷേത്രവും, വാവിളക്ക് മഹോത്സവവും, പാരിവേട്ട എന്നറിയപ്പെടുന്ന സമൂഹനായാട്ടും എല്ലാം ചിന്നക്കനാല്‍  ഉള്‍പ്പെട്ട അഞ്ചുനാടിന്റെ സാംസ്കാരിക ചരിത്രത്തിന് മിഴിവേകുന്നു. തികച്ചും കാര്‍ഷികാധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയാണ് ഈ പഞ്ചായത്തിന്റേത്. തേയില, ഏലം, കാപ്പി എന്നിവയാണു മുഖ്യതോട്ടവിളകള്‍. ആകെയുള്ള കൃഷിഭൂമിയുടെ നല്ലൊരു ഭാഗം ഈ തോട്ടവിളകളാണ് കൈയ്യടക്കി വച്ചിരിക്കുന്നത്. ടാറ്റാ ടീ ലിമിറ്റഡ്, ഹാരിസണ്‍ മലയാളം, തലയാര്‍ എസ്റ്റേറ്റ് എന്നിവയാണ് പ്രധാന തേയില തോട്ടങ്ങള്‍. തമിഴ്നാട്ടില്‍ നിന്നും കുടിയേറിയവരാണ് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും. ചിന്നക്കനാല്‍ പ്രദേശങ്ങളില്‍ ഏലം കൃഷിയാണ് കൂടുതലുള്ളത്. കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, പട്ടാണി, വെളുത്തുള്ളി, ബീന്‍സ് എന്നീ ശീതകാല പച്ചക്കറികള്‍ പഞ്ചായത്തില്‍ കൃഷി ചെയ്തു വരുന്നു. പഞ്ചപാണ്ഡവന്‍മാരുടെ പുണ്യപാദധൂളികളാല്‍ അനുഗ്രഹീതമാണ് ചിന്നക്കനാല്‍ പ്രദേശങ്ങള്‍ എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. ഏലമുടിത്തോട്, സൂര്യനെല്ലിത്തോട് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍. ആനയിറങ്കല്‍ ഡാം, ചെറുതും വലുതുമായ കുളങ്ങള്‍ തുടങ്ങിയവ പഞ്ചായത്തിലെ കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്നു. പഞ്ചായത്തിലെ പ്രധാന മലയായ കൊളുക്കുമല ഏവരേയും ആകര്‍ഷിക്കുന്ന സ്ഥലമാണ്.  കൊളുക്കുമല, ആനയിറങ്കല്‍ ഡാം, പെരിയകനാല്‍ വെള്ളച്ചാട്ടം, ലോഗാര്‍ട്ട് ഗ്യാപ്പ് തുടങ്ങിയവ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പഞ്ചായത്തിലെ  വിവിധ കേന്ദ്രങ്ങളാണ്. പഞ്ചായത്തില്‍ കൂടി പ്രധാനപ്പെട്ട ഹൈവേയായ എന്‍.എച്ച്.49 കടന്നുപോകുന്നതോടൊപ്പം. പവര്‍ഹൌസ്-സൂര്യനെല്ലി റോഡും പഞ്ചായത്തിന്റെ വികസനത്തിന് സഹായകമായ റോഡുഗതാഗത സൌകര്യമാണ്. ടൂറിസം, തേയില എന്നീ മേഖലകളിലെ  വന്‍കിടവ്യവസായ സംരംഭങ്ങള്‍ ചിന്നക്കനാല്‍ പഞ്ചായത്തിന്  വ്യവസായ ഭൂപടത്തില്‍ ഇടം നേടി കൊടുക്കുന്നു.